Archive for category മലയാളം
പഴയ ഉബുണ്ടു കേർണലുകൾ നീക്കം ചെയ്യാൻ
Posted by Anoop in ഉബുണ്ടു, ഗ്രബ്ബ്, മലയാളം, വിന്‍ഡോസ് എക്സ്.പി, സാങ്കേതികം on July 9, 2010
ഇപ്പോൾ മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും അവരുടെ കമ്പ്യൂട്ടറിലോ, ലാപ്പ്ടോപ്പിലോ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതിഷ്ഠാപനം (Install) ചെയ്തവരാണ്. ഇതിൽ മിക്കവരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസും, ഗ്നു/ലിനക്സിന്റെ ഏതെങ്കിലുമൊരു പതിപ്പുമായിരിക്കും . ഗ്നു/ലിനക്സിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഉബുണ്ടുവായിരിക്കും മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ടാകുക.
ഇങ്ങനെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അവരുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ ഒരു കറുത്ത സ്ക്രീൻ കാണാം. ഗ്രബ്2 എന്നറിയപ്പെടുന്ന ഈ ബൂട്ട് ലോഡർ വഴി ആവശ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉപയോക്താവിന് പോകാൻ സാധിക്കും.
ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിൽ ഇന്റർനെറ്റു വഴി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സാദ്ധ്യമാകും എന്നതാണ്. ഗ്നു/ലിനക്സ് കേർണലിന്റെ പുതിയ പതിപ്പുകൾ വരുമ്പോൾ അതും അപ്ഡേറ്റ് ചെയ്യുവാൻ ഉബുണ്ടുവിൽ സാധിക്കും.
അപ്പോൽ ഉബുണ്ടുവിൽ ഒന്നിലധികം കേർണലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രബ് ബൂട്ട്ലോഡർ മെനുവിൽ ഉബുണ്ടുവിന്റെ തന്നെ ഒന്നിലധികം വരികൾ കാണും. ഇത് പലപ്പോഴും ഒരു പുതിയ ഉപയോക്താവിനു അസൗകര്യം സൃഷ്ടിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമാണ്.

ഇങ്ങനെയുള്ള പഴയ കേർണലുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും ഗ്രബ് മെനു വൃത്തിയായിരിക്കുന്നതിനു സഹായിക്കും. അതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഉബുണ്ടു റ്റ്വീക്ക്. ഉബുണ്ടു റ്റ്വീക്ക് http://ubuntu-tweak.com/ എന്ന വെബ്‌സൈറ്റിൽ ഇന്നു ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അപ്ലിക്കേഷൻസിൽ പോയി ഉബുണ്ടു റ്റ്വീക്ക് തുറക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നതു പോലെ ഒരു വിൻഡോ തുറന്നു വരും.

- കടപ്പാട്: www.ubuntu-tweak.org
ഇവിടെ നിന്ന് Package Cleaner എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് Clean Kernels ക്ലിക്ക് ചെയ്യുക. ശേഷം Unlock എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ചോദിക്കുന്ന ഉപയോക്താക്കളുടെ പാസ്‌വേഡ് നൽകുക. എല്ലാ കേർണലുകളും ഇപ്പോൾ തെരഞ്ഞെടുക്കാവുന്ന രീതിയിലായിട്ടുണ്ടാകും.
നിങ്ങൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള കേർണൽ പതിപ്പ് ഇവിടെ കാണിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേർണലുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ Cleanup എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞു.
പഴയ കേർണലുകളും അവയുടെ ഗ്രബ് ഫയലിലെ ഭാഗം നീക്കം ചെയ്തു. അടുത്ത തവണ നിങ്ങൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്രബ് മെനുവിൽ ഏറ്റവും പുതിയ കേർണൽ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
മലയാളം വിക്കിപ്രവർത്തകരുടെ സംഗമം
Posted by Anoop in മലയാളം, മലയാളം വിക്കിപീഡിയ, വിക്കി പ്രവര്‍ത്തക സംഗമം, സാങ്കേതികം on March 8, 2010
മലയാളം വിക്കിപ്രവർത്തകരുടെ സംഗമം (http://ml.wikipedia.org/wiki/Meetup-2010_April)
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17-നു് എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു (http://ml.wikipedia.org/wiki/Meetup-2010_April). സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. മുൻ കാലങ്ങളിൽ നടന്ന മലയാളം വിക്കിസംഗമങ്ങളിൽ നിന്നു് വ്യത്യസ്തമായി സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ, പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.
മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.
മലയാളം വിക്കിപദ്ധതികളുടെ ഇന്നോളമുള്ള ചരിത്രമെടുത്തു് പരിശോധിച്ചാൽ ഇതിന്റെ സജീവപ്രവർത്തകരിലെ ഭൂരിപക്ഷവും പ്രവാസി മലയാളികളാണു് എന്നു് കാണാം. കേരളത്തിലുള്ള മലയാളികൾക്കു് ഇന്റർനെറ്റുമായുള്ള പരിചയം കുറവായതു്, ഇത്തരം സംരഭങ്ങളെ കുറിച്ചു് അറിവില്ലാത്തതു്, മലയാളം ടൈപ്പു് ചെയ്യാൻ അറിയാത്തതു്, മലയാളത്തിലും വിക്കിപദ്ധതികൾ നിലവിലുണ്ടു് എന്നു് അറിയാത്തതു് മൂലം, മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള താല്പര്യക്കുറവു്, ഇങ്ങനെയുള്ള ഏതെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടാകാം കേരളത്തിലുള്ള മലയാളികൾ ഇതിൽ നിന്നു് അകന്നു് നിൽക്കുന്നതു്. ഈ സ്ഥിതി മാറെണ്ടതുണ്ടു്. മലയാളത്തിലുള്ള വിക്കിപദ്ധതികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതും, ഏറ്റവും കൂടുതൽ അതിലേക്കു് സംഭാവന ചെയ്യേണ്ടതും കേരളത്തിലുള്ള മലയാളികളാണു്. അതിലേക്കു് പൊതു ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ നാന്നി കുറിക്കുകയാണു് ഈ വിക്കിസംഗമം.
2010 ഏപ്രിൽ 17-നു് രാവിലെ 10 മുതൽ 1 മണി വരെ മലയാളം വിക്കിപ്രവർത്തകരുടെ കൂട്ടായ്മയും, ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ പൊതു ജനങ്ങളും വിക്കിപ്രവർത്തകരും തമ്മിലുള്ള വിവിധ പൊതുജന സമ്പർക്കപരിപാടികളും ആണു് വിക്കിസംഗമത്തിന്റെ ഭാഗമായി ആലോചിക്കുന്നതു്. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ ഏപ്രിൽ 10-ആം തീയതിയൊടെ എല്ലാവരേയും അറിയിക്കാം. പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപ്രവർത്തകർ മലയാളം വിക്കിമീഡിയയിലെ വിക്കിസംഗമം താളിൽ (http://ml.wikipedia.org/wiki/Meetup-2010_April) നിർബന്ധമായും ഒപ്പു് വെച്ചിരിക്കണം. രാവിലത്തെ സമ്മേളനം വിക്കിപ്രവർത്തകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
വിക്കിമീഡിയ ഫൗണ്ടേഷൻ, ഫൗണ്ടെഷന്റെ വിവിധ പദ്ധതികളെകുറിച്ചുള്ള അറിയിപ്പുകൾ തുടങ്ങിയവ താഴെ.
വിക്കിമീഡിയ ഫൗണ്ടേഷൻ
വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയ വിവിധ ഓണ്‍ലൈൻ പദ്ധതികൾ നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണു് വിക്കിമീഡിയ ഫൗണ്ടെഷൻ. വിവിധ പദ്ധതികൾ വഴി സ്വതന്ത്ര-ഉള്ളടക്കം വികസിപ്പിക്കുകയും പരിപാലിക്കുകയും, അവയുടെ ഉള്ളടക്കം സൗജന്യമായി പൊതുജന സേവനാര്‍ത്ഥം നര്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
വിക്കിപീഡിയ, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയര്‍ അടക്കം), വിക്കിസോഴ്സ്, വിക്കിമീഡിയ കൊമണ്‍സ്, വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേര്‍സിറ്റി, വിക്കിമീഡിയ ഇന്‍കുബേറ്റര്‍, മെറ്റാ-വിക്കി തുടങ്ങിയവയൊക്കെയാണു് വിവിധ വിക്കിപദ്ധതികൾ.
ഈ പദ്ധതികൾ എല്ലാം തന്നെ 250-ല്‍പ്പരം ലോകഭാഷകളിൽ ലഭ്യമാണു്. വ്യത്യസ്ത ഭാഷക്കാരും ദേശക്കാരുമടങ്ങുന്ന സേവന സന്നദ്ധരായ ഉപയോക്താക്കളാണു് ഈ വിക്കി പദ്ധതികളെ മുന്നോട്ടു് നയിക്കുന്നത്. വിവിധദേശക്കാരും ഭാഷക്കാരും അവരവർ പ്രാവീണ്യം നേടിയിട്ടുള്ള ഭാഷകളിൽ അവരുടെതായ സംഭാവനകൾ നല്‍കുന്നതോടൊപ്പം; ഇതര സംരംഭങ്ങളിൽ തങ്ങള്‍ക്കാവുന്ന വിധത്തിൽ സഹായം നല്‍കാറുണ്ട്.
വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളത്തിലുള്ള വിവിധ മുന്നോട്ടു് കൊണ്ടുപോകുന്ന ഒരു മലയാളി വിക്കി സമൂഹം നിലകൊള്ളുന്നുണ്ടു്. ഇതിൽ ബഹുഭൂരിപക്ഷം ആളുകളും പരസ്പരം കാണുകയോ അറിയുകയോ ചെയ്യാത്തവരാണ്. സമൂഹ്യനന്മ മാത്രം കാംക്ഷിച്ചു് മലയാളി വിക്കിസമൂഹം ഇന്റർനെറ്റിൽ മലയാളത്തിനു് അതിന്റെതായ സ്ഥാനം നേടിക്കുടുക്കുന്നതിൽ പ്രവര്‍ത്തനനിരതരായിരിക്കുന്നു.
വിക്കിപീഡിയ പോലുള്ള സംരംഭങ്ങളുടെ പ്രസക്തി
അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ( http://en.wikipedia.org/). ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 32 ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതെയുള്ളൂ. നിലവിൽ 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളത്.
നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവുകൾ പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.
രേഖപ്പെടുത്താതു് മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി സംരംഭങ്ങളിൽ കൂടിയും ശേഖരിക്കുന്നതിലൂടെ നമ്മൾ നമ്മുടെ അനന്തര തലമുറയ്ക്കായി വലിയൊരു സേവനമാണു് ചെയ്യുന്നതു്.
സൗജന്യമായി വിജ്ഞാനം പകർന്നു് നല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കി പ്രവർത്തകർക്ക് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും.
ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.
വിക്കിപീഡിയപോലുള്ള സംരഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിയന്മാർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം നാം സ്വന്തമായി ഒരു ലേഖനം എഴുതുമ്പോൾ അതിന്റെ ആധികാരികത ഉറപ്പാക്കാനായി അത് സ്വയം പഠിക്കും എന്നതു് തന്നെ.
വിവിധ മലയാളം വിക്കിസംരംഭങ്ങൾ
വിക്കിപീഡിയ (http://ml.wikipedia.org):
ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൗജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്.. ഇതിനു് പുറമേ മലയാളം വിക്കിപീഡിയക്കു് താഴെ പറയുന്ന സഹോദര സംരംഭങ്ങളുണ്ടു്.
വിക്കിഗ്രന്ഥശാല (http://ml.wikisource.org):
പ്രാചീനമായ അമൂല്യകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞു് പൊതുസഞ്ചയത്തിലെത്തിയ മലയാളകൃതികൾ തുടങ്ങിയവയൊക്കെ ശേഖരിക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, കുമാരനാശാന്റെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ, സത്യവേദപുസ്തകം, ഖുർആൻ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ശേഖരിച്ചു് വച്ചിരിക്കുന്നു. പകർപ്പവകാശപരിധിയിൽ വരാത്ത അമൂല്യ ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലാക്കാൻ നിങ്ങൾക്കും സഹായിക്കാം. മലയാളത്തിന്റെ ഓൺലൈൻ റെഫറൻസ് ലൈബ്രറി ആയിക്കൊണ്ടിരിക്കുന്ന വിക്കിയാണിതു്.
വിക്കിനിഘണ്ടു (http://ml.wiktionary.org):
നിര്‍വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തര്‍ജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥവും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവിൽ ഏതാണ്ടു് 41,000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു വിക്കിനിഘണ്ടുവിലുള്ളത്. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിര്‍വചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇതു് ഓൺലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും. കൂടുതൽ സജീവ പ്രവർത്തകർ എത്തിയാൽ ഈ വർഷം തന്നെ ഈ വിക്കിയിൽ 1 ലക്ഷത്തിലധികം വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥവും വിശദീകരണവും ലഭ്യമാകും.
വിക്കിപാഠശാല (http://ml.wikibooks.org/):
പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരും കാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.
പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ/ പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരിണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം പ്രവര്‍ത്തകർ വന്നാൽ മാത്രമേ ഈ സംരംഭം സജീവമാകൂ.
മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി
വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണ് വിക്കിപീഡിയ ഉൾപ്പെടുന്ന മീഡിയാവിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതുകൂടിയാണ് മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യം.
നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ മലയാളം വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനസമ്പുഷ്ടമാണു്. പകർപ്പവകാശമുക്തമായ അമൂല്യ കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. വിവിധ ഭാഷകളിലുള്ള 41,000 വാക്കുകളുടെ അർത്ഥവും വിശദീകരണവുമാണു് മലയാളം വിക്കി നിഘണ്ടുവിലുള്ളതു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്.
മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം
2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി. യാണ് മലയാളം വിക്കിപീഡിയക്കു് (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താൻ പ്രയത്നിച്ചതും. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്തുണ്ടാണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.
മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാ, പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൽ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവിൽ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് മലയാളം വിക്കിപീഡിയ സജീവമായത്.
പക്ഷെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേർ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളം വിക്കിപീഡിയയിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിൽ നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ 100 ലേഖനങ്ങൾ തികയുന്നത്. 2005 മദ്ധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ പൂമുഖത്താൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ കാര്യനിർവാഹകനെ (സിസോപ്പ്) ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.
പക്ഷെ, മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള അനേകം മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ കാലക്രമേണ വിജ്ഞാനസംഭരണ സംരംഭമായ മലയാളം വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.
അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയില്‍ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, 2007 ഡിസംബര്‍ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും കടന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 12,000 ത്തില്‍പ്പരം ലേഖനങ്ങളുണ്ടു്.
ക്രീസിലെ ദൈവം
Posted by Anoop in ക്രിക്കറ്റ്, മലയാളം, ലോക റെക്കോർഡ്, സച്ചിൻ ടെണ്ടുൽക്കർ on February 24, 2010
ക്രിക്കറ്റ് ആണെന്റെ മതം
സച്ചിൻ ആണെന്റെ ദൈവം – ക്രിക്കറ്റ് ആരാധകർ
സച്ചിൻ, ആ റെക്കോർഡും കൂടി നീ സ്വന്തമാക്കിയിരിക്കുന്നു. ക്രിക്കറ്റ് എന്ന മഹാവൃക്ഷത്തിന്റെ ചില്ലകൾ ഓരോന്നായി കീഴടക്കുമ്പോളൊക്കെ ഞങ്ങൾ ആഘോഷിക്കുമായിരുന്നു, ആനന്ദനൃത്തം ചെയ്യുമായിരുന്നു. ഓരോ വിമർശനങ്ങൾ നേരിട്ടപ്പോഴും അവയോടൊക്കെ ബാറ്റ് കൊണ്ടായിരുന്നു നീ മറുപടി പറഞ്ഞിരുന്നത്. ഭൂമിയിൽ ഇന്നൊരു ദൈവം ജീവിച്ചിരിപ്പുണ്ടെങ്കിൽ അതു താങ്കൾ തന്നെയായിരിക്കും. ആയിരത്തി തൊള്ളായിരത്തി എമ്പത്തിയൊൺപതിൽ പാക്കിസ്ഥാനെതിരെ കറാച്ചിയിൽ ബാറ്റേന്തിയപ്പോൾ അന്നാരുമോർത്തു കാണില്ല ഇതൊരു ഇതിഹാസത്തിന്റെ ആരംഭമായിരിക്കുമെന്ന്. അന്ന് വഖാർ യൂനിസിനു മുന്നിൽ 15 റൺസിനു നീ കീഴടങ്ങിയപ്പോൾ തുടങ്ങിയ റൺസിനോടുള്ള തീരാത്ത ദാഹം നീ ഇന്നും കാത്തു സൂക്ഷിക്കുന്നു. കാവ്യാത്മമായ നിന്റെ ഷോട്ടുകളിൽ കൂടിയാണ് ക്രിക്കറ്റിന്റെ സാങ്കേതികത സാധാരണക്കാരൻ മനസിലാക്കിയത്. ക്രീസിൽ നിന്നുള്ള നിന്റെ ഷോട്ടുകളോരോന്നും നിന്റെ പിൻഗാമികൾക്ക് മഹത്തായ പാഠങ്ങളായിരുന്നു. ആ ബാറ്റിന്റെ ചോദനയുൾക്കൊണ്ടാണു് ഞങ്ങളിൽ പലരും ക്രിക്കറ്റിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്.
സച്ചിൻ, നീ തന്നെയാണ് ക്രീസിലെ ദൈവം. ഇനി മറ്റൊരാൾ വന്നു നീ സൃഷ്ടിച്ചതും തകർത്തതുമായ റെക്കോർഡുകൾ ഓരോന്നു പിഴുതെറിഞ്ഞാലും സാങ്കേതികതയും, കാവ്യാത്മകതയും സമ്മേളിക്കുന്ന നിന്റെ ബാറ്റിൽ നിന്നു പിറക്കുന്ന റൺസുകളോടും റെക്കോർഡുകളോടും ഒപ്പമെത്താൻ അവക്കൊരിക്കലും ആവില്ല.
കളി ജയിപ്പിക്കാനുള്ള കഴിവില്ല, റെക്കോർഡുകൾക്കു വേണ്ടി കളിക്കുന്നു, സ്വാർത്ഥനാണ്, ദുർബലമായ ടീമുകൾക്കെതിരെ മാത്രം നന്നായി കളിക്കുന്നു, സമ്മർദ്ദങ്ങൾക്കിടയിൽ കളിക്കാനാവുന്നില്ല തുടങ്ങിയ നിനക്കെതിരെയുള്ള വിമർശനങ്ങൾക്കൊക്കെ നീ ഇന്നു മറുപടി പറഞ്ഞിരിക്കുന്നു. അതും വെറും 147 പന്തുകളിൽ നിന്ന്. നീ നേടിയ സെഞ്ച്വെറികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പറയാൻ ഞങ്ങൾക്ക് ഒരു പാടു അക്ഷരങ്ങൾ നീക്കി വെക്കേണ്ടി വരും.
സച്ചിൻ, ഏകദിനത്തിലെ ആദ്യത്തെ ഇരട്ട ശതകം എന്ന റെക്കോർഡ് നിന്റെ പേരിലായിരിക്കുന്നു. ഇനി ഒരാഗ്രഹം കൂടി ഞങ്ങൾക്കുണ്ട്. 2004-ൽ ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരെ ബ്രയൻ ലാറ നേടിയ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോറായ 400* നീ മറികടക്കുക എന്നത്.
സച്ചിൻ, ഞങ്ങളഭിമാനിക്കുന്നു നിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതോർത്ത്…
സച്ചിൻ, നീ തന്നെയാണു ദൈവം…


കമന്റുകൾ